Thursday, March 24, 2016

സ്‌കൂള്‍ പാര്‍ലമെന്റ് - സോഫ്റ്റ്‌വെയര്‍

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ലളിതമായ സോഫ്റ്റ്‌വെയര്‍







സ്‌കൂളുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് രീതിയിലും അല്ലാതേയും നടന്നു വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് തിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയുടെ രീതികള്‍ അവലംബിച്ചു കാണാറില്ല.  2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പല വിദ്യാലയങ്ങളിലും പ്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് അധ്യാപകര്‍ അതിനു തയ്യാറാവാറില്ല. അത് എങ്ങനേലും കഴിഞ്ഞോളും എന്ന നിലപാടാണ് പലപ്പോഴും എടുക്കാറ്.

ബാലറ്റില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മാറിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താന്‍ ലളിതമായ മാര്‍ഗ്ഗങ്ങളുണ്ട്. വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് 2008ലാണ് പുറത്തിറക്കിയത്. ഒരു പോസ്റ്റിലേക്ക് മാത്രമേ ഇതില്‍ വോട്ടെടുപ്പ് നടത്താന്‍ സംവിധാനമുണ്ടായിരുന്നുള്ളൂ. അടുത്ത പതിപ്പില്‍ ഒന്നിലധികം പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടത്താന്‍ സൗകര്യം ഒരുക്കി. അധ്യാപനമേഖലയില്‍ നിന്നും സര്‍വ്വീസ് മേഖലയിലേക്ക് ജോലി വഴിമാറിയപ്പോള്‍ പുതിയ പതിപ്പുകളൊന്നും തന്നെ നിര്‍മ്മിക്കാന്‍ സമയം കിട്ടിയില്ല. ഈ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് ഇറക്കാമോ എന്നു ചോദിച്ച് പലരും ജൂണ്‍-ജൂലൈ മാസങ്ങളില്‍ എന്നെ ഫോണില്‍ വിളിക്കാറുണ്ട്. പുതിയ വിന്‍ഡോസ് പതിപ്പുകളില്‍ പ്രോഗ്രം ഉപയോഗിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്.


സവിശേഷതകള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാം.
· ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനു സമാനതയുള്ള വോട്ടിംഗ് രീതി.
· വോട്ടിംഗ് കുറ്റമറ്റ രീതിയില്‍ ലളിതവും ഇന്ററാക്ടീവുമായി നടത്താനുള്ള സൗകര്യം.
· സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ, ചിഹ്നം എന്നിവ വോട്ടിംഗ് യന്ത്രത്തില്‍ കാണിക്കുന്നു.
· ഒന്നിലധികം പോസ്റ്റുകളിലേക്കുള്ള വോട്ടെടുപ്പിന് സൗകര്യം
· സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· ഫലപ്രഖ്യാപനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· പോളിംഗ് ഓഫീസര്‍ക്ക് രഹസ്യ കോഡ് വഴി പ്രോഗ്രം, പോളിംഗ് നിയന്ത്രിക്കാനുള്ള സംവിധാനം


ഉപയോഗ നിര്‍ദ്ദേശങ്ങള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുക. 2007ലെ ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
· കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയ പരിചയപ്പെടും വിധമായിരിക്കണം സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.
· പ്രോഗ്രാം ക്രമീകരിക്കേണ്ടതിന്റെ ഘട്ടം ഘട്ടമായുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ വിശദീകരിക്കുന്നുണ്ട്. തെറ്റായ രീതിയില്‍ ഉപയോഗിച്ചതു കൊണ്ടോ, കമ്പ്യൂട്ടറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിന്റെ നിര്‍മ്മാതാവിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

പ്രോഗ്രാം ക്രമീകരണം

· ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്റ്റാളേഷന്‍ ഫയല്‍ താഴെക്കാണുന്ന വിധം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. C:\Program Files\School Parliament എന്ന ഡയറക്ടറിയിലാണ് സാധാരണഗതിയില്‍ ഇന്‍സ്റ്റാള്‍ ആവുക.

ഏതെങ്കിലും റണ്‍ ടൈം എറര്‍ കാണിക്കുന്നെങ്കില്‍ വിഷ്വല്‍ബേസിക് റണ്‍ ടൈം ഇന്‍സ്റ്റാള്‍ ചെയ്യുക.
 






· പ്രോഗ്രാം വഴിയല്ലാതെ ഇതിന്റെ അനുബന്ധ ഫയലുകളില്‍ തിരുത്തലുകള്‍ വരുത്താതെ ശ്രദ്ധിക്കേണ്ടതാണ്.
· ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആദ്യമായി തുറക്കുമ്പോള്‍ പോളിംഗ് ഓഫീസറുടെ രഹസ്യകോഡ് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നീട് പ്രോഗ്രാം തുറക്കുന്നതിനും പോളിംഗ് തുടങ്ങാനും അവസാനിപ്പിക്കാനും ഈ രഹസ്യകോഡ് ഉപയോഗിക്കേണ്ടി വരും. രഹസ്യകോഡ് മാറ്റേണ്ടി വരുകയാണെങ്കില്‍ അതിനുള്ള സൗകര്യം പ്രോഗ്രാമിലുണ്ട്.


തുടങ്ങുമ്പോഴുള്ള വിന്‍ഡോ


പ്രധാന മെനു

1. സ്‌കൂളിന്റെ പേര് സെറ്റ് ചെയ്യുക.


2. ഇലക്ഷനുദ്ദേശിക്കുന്ന പോസ്റ്റുകള്‍ ക്രമീകരിക്കുക. സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തിലുള്ള പോസ്റ്റുകള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ആവശ്യാനുസരണം നീക്കം ചെയ്തും തിരുത്തിയും ഉപയോഗിക്കേണ്ടതാണ്. അടുത്ത മെനുവിലേക്ക് പോകുന്നതിനു മുമ്പ് പോസ്റ്റുകള്‍ വ്യക്തമായി തീരുമാനിക്കണം.


3. സ്ഥാനാര്‍ത്ഥി പട്ടിക ക്രമീകരിക്കുക. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനായി ചട്ടപ്രകാരം നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കേണ്ടതാണ്. (സ.ഉ. ശ്രദ്ധിക്കുക). സൂക്ഷ്മപരിശോധന കഴിഞ്ഞ പട്ടിക സ്ഥാനാര്‍ത്ഥികളുടെ ക്രമം തീരുമാനിച്ചുറപ്പിച്ച ശേഷം പ്രോഗ്രാമില്‍ ക്രമീകരിക്കുക. ഒരു പോസ്റ്റിലേക്ക് 10 സ്ഥാനാര്‍ത്ഥികളെ വരെ മാത്രമേ ഈ പ്രോഗ്രാം അനുവദിക്കുകയുള്ളൂ. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നങ്ങളും നിശ്ചിത അളവില്‍ നല്‍കുക. ഇവ ക്രമീകരിക്കുന്നതിനായി അഡോബി ഫോട്ടോഷോപ്പ് പോലുള്ള ടൂളുകള്‍ ഉപയോഗിക്കുക. വലിയ വലുപ്പത്തിലുള്ള ചിത്രങ്ങള്‍ പ്രോഗ്രാമിന്റെ വേഗതയെ ബാധിക്കുമെന്നതിനാല്‍ റസല്യൂഷന്‍ കുറച്ച ചിത്രങ്ങള്‍ ഉപയോഗിക്കുക. ചിഹ്നങ്ങള്‍ സര്‍ക്കാര്‍ ഉത്തരവനുസൃതമായി മാത്രം ഉപയോഗിക്കുക. മാതൃകയായി ചിഹ്നങ്ങളുടെ ലൈബ്രറി ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്‌തെടുക്കാന്‍ സൗകര്യമുണ്ട്.



4. വോട്ടിംഗ് യന്ത്രം - വിന്‍ഡോ




സ്ഥാനാര്‍ത്ഥിയുടെ പേരു വിവരവും ചിഹ്നവും രേഖപ്പെടുത്തിയിട്ടുള്ള അടുത്തുള്ള നീല ബട്ടനില്‍ മൗസ് ഉപയോഗിച്ച് ക്ലിക് ചെയ്യുക. ചുവന്ന ബട്ടണ്‍ തെളിയുകയും ബീപ് ശബ്ദം ഉണ്ടാവുകയും ചെയ്യും.
തുടര്‍ന്ന് അടുത്ത പോസ്റ്റിലേക്കുള്ള ലിസ്റ്റ് തെളിയും. എത്ര പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ടോ അവ മാത്രമേ സ്‌ക്രീനില്‍ കാണിക്കുകയുള്ളൂ. എല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വോട്ട് രേഖപ്പെടുത്തി എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കും. അതോടെ ഒരു വിദ്യാര്‍ത്ഥിയുടെ ഊഴം കഴിയുന്നു. ഈ സ്‌ക്രീനില്‍ നിന്നും പുറത്തു പോകണമെങ്കില്‍ (പോളിംഗ് നിര്‍ത്തി വയ്ക്കുന്നതിന്) പോളിംഗ് ഓഫീസറുടെ രഹസ്യകോഡ് നല്‍കേണ്ടി വരും. 5 പോസ്റ്റുകളിലേക്കാണ് വോട്ടെടുപ്പെങ്കില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 5 ക്ലിക്കുകള്‍ വേണ്ടി വരും. അതെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് പുറത്തു പോകാന്‍ പറ്റൂ. പ്രധാന മെനുവിലേക്ക് തിരിച്ചു പോകണമെങ്കിലും നിശ്ചിത എണ്ണം പൂര്‍ത്തിയാക്കിയ ശേഷമേ സാധിക്കൂ.
നോട്ട വോട്ട് ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആവശ്യപ്പെടുകയാണെങ്കില്‍ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

5. സ്ഥിതി വിവരം / അവസാന ഫലം അറിയുന്നതിന്


പോളിംഗ് പൂര്‍ണ്ണമായി നിര്‍ത്താതെ തന്നെ ഇതുവരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഈ മെനു ഉപയോഗിച്ച് അറിയാവുന്നതാണ്. പോളിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ CLOSE POLL ബട്ടണ്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നിര്‍ത്താവുന്നതാണ്. അതിനു ശേഷം പോളിംഗ് അനുവദിക്കുന്നതല്ല. ഓരോ പോസ്റ്റിലും ക്ലിക്കു ചെയ്താല്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ദൃശ്യമാകും. ഇത് പ്രിന്റ് ചെയ്‌തെടുക്കുന്നതിന് സൗകര്യം ഉണ്ട്.

6. ഈ ഇലക്ഷനും മോക്ക് പോള്‍ നടത്തേണ്ടതാണ്. മോക്ക് പോളിനു ശേഷം ലഭിച്ച വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് CLEAR ബട്ടണ്‍ ഉപയോഗിക്കുക. ഓപ്ഷനുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.


സാങ്കേതികവശങ്ങള്‍ / സോഴ്‌സ് കോഡ്

· ഈ പ്രോഗ്രാം വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ പ്രോഗ്രാം മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ XP (SP3) പതിപ്പില്‍ നിന്നുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.
· മൈക്രോസോഫ്റ്റിന്റെ വിഷ്വല്‍ ബേസിക് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. മറ്റു വ്യക്തികള്‍ തയ്യാറാക്കിയ സ്വതന്ത്രകോഡുകള്‍ ആക്ടീവ്എക്‌സുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
· ഡാറ്റാബേസ് മൈക്രോസോഫ്റ്റ് ആക്‌സസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. 
· മൈക്രോസോഫ്റ്റ് ഓഫീസ് 2007ന്റെ ഭാഗമായ എക്‌സല്‍ ഉപയോഗിച്ചാണ് ഔട്ട്പുട്ട് പ്രിന്റിംഗ് ഫയല്‍ നിര്‍മ്മിക്കുന്നത്. ഇതിനായി മേല്‍പറഞ്ഞ പതിപ്പ് മാത്രം ഉപയോഗിക്കുക. ഓഫീസ് 2003, 2010 പതിപ്പുകളോടൊപ്പം ഇത് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല.
· ഈ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഉപയോഗിക്കാനും പങ്കുവയ്ക്കാനും അനുമതി നല്‍കുന്നു. പരമാവധി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രോഗ്രാം ഉപയോഗിച്ച് കുട്ടികള്‍ക്ക് അവസരം നല്‍കുക. ഞങ്ങളുടെ സ്‌കൂളിലും ഇ-വോട്ടിംഗ് ഉപയോഗിച്ചു എന്ന് പത്രവാര്‍ത്ത നല്‍കുക. വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ അറിയട്ടെ. പൊതു വിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടതും മുന്‍പന്തിയില്‍ എത്തേണ്ടതുമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം എന്നെ ഞാനാക്കിയത് സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്.
· ഇതില്‍ ഉപയോഗിച്ചിട്ടുള്ള കോഡുകളുടേയും നിര്‍മ്മിക്കാനുപയോഗിച്ചുള്ള പ്രോഗ്രാമുകളുടേയും സഹായമില്ലാതെ ഇതുണ്ടാവില്ലായിരുന്നു. അറിവ് പങ്കുവയ്ക്കപ്പെടാനുള്ളതാണ് എന്നുള്ളതുകൊണ്ട് ഇതിന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്തുന്നു. സോഴ്‌സ്‌കോഡിന് ഈ ലിങ്ക് സന്ദര്‍ശിക്കുക. പ്രോഗ്രാമില്‍ മാറ്റം വരുത്തി ഉപയാഗിക്കുന്നവര്‍ എന്റേയും എനിക്ക് അറിവു പകര്‍ന്നവരുടേയും അധ്വാനത്തെക്കുറിച്ച് ഓര്‍ക്കുക. പേരായെങ്കിലും നന്ദി രേഖപ്പെടുത്തുക. അത്രമാത്രം.

സാങ്കേതിക പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രോഗ്രാമിനെ സംബന്ധിച്ചും സംശയങ്ങള്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ വിളികള്‍ ഓഫീസ് സമയത്തിനു മുമ്പോ ശേഷമോ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്‌നേഹം,

ബ്രിജേഷ് ഇ.പി
അക്ഷരം, പൂക്കോട്ടൂര്‍, മലപ്പുറം ജില്ല.
ഫോണ്‍-09961257788
ഇ-മെയില്‍-brijeshep@gmail.com


No comments:

Post a Comment